Published on: 02/01/1950IST

കൊന്നയ്ക്കൽ, പടിഞ്ഞാറേടത്ത്, ചാക്കിയാത്ത് കുടുംബങ്ങളുടെ കുടിയേറ്റം

User Image Sijo K Jose Last updated on: 16/4/2024, Permalink

കൊന്നക്കൽ, ചക്കിയാത്ത് കുടുംബങ്ങളും അമ്പതുകളിൽ ചെമ്പന്തൊട്ടിയിൽ എത്തിച്ചേർന്നവരാണ്, പറയകാട്ടിൽ ജോസെഫിന്റെ നേതൃത്വത്തിൽ കൊച്ചി ഭാഗത്ത് നിന്നുമുള്ള കുടിയേറ്റവും ചെമ്പന്തൊട്ടിയുടെ ആദ്യകാല ചരിത്രത്തിന്റെ ഭാഗമാണ്

ഇതേകുറിച്ച് കൊന്നയ്ക്കൽ ജോസ് ഫേസ്‌ബുക്കിൽ കുറിച്ചത്:
മണിമലയിൽ നിന്നു വന്ന് പശുവിനെ വളർത്താൻ വേണ്ടിയും കൃഷിക്കുവേണ്ടിയും മക്കളെ പോറ്റാൻ വേണ്ടിയും പിൽക്കാലത്ത്‌ മത്തായി കുന്ന് എന്നു പേരു വന്ന കുന്നിന്റെ അടിവാരത്തിൽ കുറച്ചു സ്ഥലം വാങ്ങി, ആ സ്ഥലത്ത്‌ ആദിമ താമസക്കാരായിരുന്ന പട്ടിക്കുറുക്കന്മാരോട്‌ ഒപ്പം അവറ്റകളോടും ബാക്കിയുള്ള വന്യമൃഗങ്ങളോടും പടവെട്ടിയും കഴിഞ്ഞിരുന്ന പടിഞ്ഞാറേടത്ത്‌ എന്ന വീട്ടുപേര് പട്ടിക്കുറുക്കന്മാരുടേയും കൂടി ആവാസ സ്ഥലം ആയതിനാൽ പിന്നീട്‌ "പട്ടിക്കുഴി"എന്നു മാറ്റി വീട്ടുപേരു ചാർത്തികിട്ടിയ പട്ടിക്കുഴി മത്തായിയുടെ മകൾ അന്നമ്മ എന്ന പതിനെട്ടുകാരി;; കാഞ്ഞിരപള്ളിയിൽ നിന്ന് കഞ്ഞിക്കുള്ള വക തേടി വീടും പറംബും കൈയിലുള്ളതെല്ലാം വിറ്റു പെറുക്കി കിട്ടിയത്‌ കൈയിൽ ചുരുട്ടി പിടിച്ച്‌, വീട്ടിലെ മൂത്ത മകൻ പട്ടാളത്തിൽ പോയതിനാൽ വീട്ടിലെ മുത്തവനാകേണ്ടി വന്ന രണ്ടാമൻ അപ്പനേയും അമ്മയെയും രണ്ടനുജന്മാരെയും പെങ്ങന്മാരെയും ചേർത്തുപിടിച്ച്‌ തീവണ്ടികയറി കണ്ണൂർ വന്നിറങ്ങി അവിടുന്ന് ബസു കയറി വളപട്ടണത്തും അവിടുന്ന് ബോട്ടിൽ കയറി ചെങ്ങളായി യിലും അവിടുന്ന് കാൽ നടയായി...., അന്ന് കേവലം പതിനാലു കുടുംബങ്ങൾ മാത്രം താമസമുണ്ടായിരുന്ന ചെമ്പന്തൊട്ടിയിലെത്തി പള്ളം തോടിനു സമീപം താമസമാക്കിയ കൊന്നക്കൽ ജോസഫിന്റെ രണ്ടാമത്തെ മകൻ ജോൺ എന്ന പാപ്പ്പച്ചനെ ചെമ്പന്തൊട്ടിയിൽ അന്ന് ആകെയുണ്ടായിരുന്ന സകലമാന ജനങ്ങളുടേയും ആശീർവാദത്തോടെ അവർ തന്നെ സ്വപരിശ്രമം കൊണ്ടു നിർമ്മിച്ച ചെമ്പന്തൊട്ടി പള്ളിയിൽ വെച്ച്‌ വിവാഹം കഴിക്കുകയും കൂടെ പൊറുപ്പിക്കുകയും ചെയ്ത വകയിൽ 1954 ആഗസ്റ്റ്‌ മാസം 25 നു ബുധനാഴ്ചയാണു ഒൻപതാം മാസത്തിൽ പൂർണ്ണവളർച്ച എത്തും മുൻപെ എന്റെ ഭൂപ്രവേശം.
"ഒൺലി ദ ഫിറ്റസ്റ്റ്‌ വിൽ സർ വൈവ്‌" എന്ന പഴയ നിയമത്തിനു അടിമകളും ആ പ്രക്രുതി നിയമത്തിനു സർവ്വാന്മന വിധേയരും ആയിരുന്നു കൊച്ചു പിച്ച്‌ അടക്കം അന്ന് ഇവിടെ ഉണ്ടായിരുന്ന മൊത്തം ജനതയും. എന്നിട്ടും അത്ര ഫിറ്റ്‌ അല്ലാതിരുന്ന ഞാനും പിൽകാലത്ത്‌ ഞാൻ അടക്കം ഏഴ്‌ ആണുങ്ങൾക്കും നാലു പെണ്ണുങ്ങൾക്കും ജന്മം നൽകുകയും പോറ്റിവളർത്തി വലുതാക്കുകയും കൂടാതെ ജന്മം നൽകാത്ത ലക്ഷ്മി, കല്യാണി, പൂവാലി എന്നീ പശുക്കളെയും വെളുമ്പി, കറമ്പി , കൊമ്പൻ എന്നീ ആടുകളെയും കിങ്ങിണി, സുന്ദരി തുടങ്ങിയ എണ്ണമറ്റ കോഴിയെയും ടിപ്പു എന്ന പട്ടിയെയും സ്വന്തം മക്കളെപോലെ പരിപാലിച്ചും വീട്ടിൽ വരുന്ന പണിക്കാരുടേയും വിരുന്നുകാരുടെയും സന്ദർശ്ശകരുടെയും കാര്യങ്ങൾ ഒരു കുറവും കൂടാതെ നടത്തുകയും കൃഷി പണിക്ക്‌ പറമ്പിൽ സഹായിക്കുകയും ചെയ്തിരുന്ന ഒരു അത്ഭുത പ്രതിഭാസമായിരുന്നു, മെലിഞ്ഞു നീണ്ട ഈ അന്നമ്മ എന്ന എന്റെ അമ്മ.
കാട്ടുപോത്ത്‌, കരടി, കടുവ, കാട്ടുപന്നി, ചെന്നായ, പട്ടിക്കുറുക്കൻ എന്നീ കാട്ടു മൃഗങ്ങളിൽ നിന്നും വസൂരി, മലമ്പനി, ചിക്കൻ പോക്സ്‌, എന്നീ മാരക രോഗങ്ങളിൽ നിന്നും ഞങ്ങളെയും മേൽ പറഞ്ഞ അമ്മ പ്രസവിക്കാത്ത മറ്റു പരിവാരങ്ങളേയും വാതിലും ജനലും കതകും ഇല്ലാത്ത പുല്ലുമേഞ്ഞ കുടിലിൽ താമസിച്ചുകൊണ്ട്‌ അവരുടെയെല്ലാം സം രക്ഷണം നിർവ്വഹിക്കേണ്ടിയിരുന്നുവെന്നു കൂടി ഓർക്കണം. പരിണാമ പ്രക്രിയയുടെ ഇടയിൽ പടിഞ്ഞാറേടത്ത്‌ അന്നമ്മ പട്ടിക്കുഴി അന്നമ്മ ആവുകയും പിന്നീട്‌ കൊന്നക്കൽ അന്നമ്മ ആവുകയും ഇപ്പോൾ എൺപത്തിരണ്ടിന്റെ നിറവിൽ നാലുതലമുറയോടൊപ്പം കഴിയുകയും അഞ്ചാമത്തെ തലമുറയെ കാണാനുള്ള പ്രതീക്ഷയിലും പരിപൂർണ്ണ ആരോഗ്യവതിയായി എന്നെപോലെ തന്നെ ഇപ്പഴും മെലിഞ്ഞ ശരീരക്കാരി ആയി ഇരിക്കുകയും ചെയുന്നു.

തനിക്ക്‌ കിട്ടിയ മണ്ണിൽ റബ്ബറും തെങ്ങും കവുങ്ങും കുരുമുളകും പ്ലാവും മാവും കാപ്പിയും കപ്പയും വാഴയും ചേമ്പും ചേനയും നെല്ലും പയറും തുവരയുമൊക്കെ തങ്ങളുടേയും മക്കളുടേയും ഉപജീവനത്തിനുവേണ്ടി നട്ടുവളർത്തുകയും മക്കളുടേയും കുടുംബത്തിന്റേയും ശോഭനമായ ഭാവിയല്ലാതെ മറ്റൊന്നും ചിന്തയിൽ ഇല്ലാത്തതോ അല്ലങ്കിൽ ചിന്തിക്കാൻ സമയം കിട്ടാതിരുന്നതോ ആയതും ആ അത്യധ്വാനതിനിടയിൽ ജീവിക്കാൻ മറന്നുപോവുകയും അല്ലെങ്കിൽ അതിനു സമയം ലഭിക്കാതിരിക്കുകയും ചെയ്ത ആളായിരുന്നു എന്റെ പിതാവ്‌. പിതാവിന്റെ നിസ്വാർത്ത നിശബ്ദ സ്നേഹം എന്നതിന്റെ മൂർത്തീഭാവമായിരുന്നു ആരോടും ഒരു പരിഭവവും ഇല്ലാതിരുന്ന, സൗമ്യനായ കൂടുംബാംഗൾക്ക്‌ സുഭിക്ഷമായ ഭക്ഷണത്തിനു വേണ്ടതെല്ലാം വീട്ടിൽ അധ്വാനിച്ച്‌ ഉണ്ടാക്കിയിട്ടുണ്ട്‌ എങ്കിലും "പള്ളിത്താഴെ" പോയിട്ടു വരുംബോൾ നായരുടെ ചായക്കടയിൽ നിന്നും ഒരു വലിയ പലഹാര പൊതിയുമായിട്ടാവും വരവ്‌. വരുന്ന വഴി അക്കരത്തെ കുട്ടികളെ ആരെയെങ്കിലും കണ്ടാൽ ഓരോന്ന് അവർക്കും കൊടുത്ത്‌ ശേഷിക്കുന്നത്‌ വീട്ടിൽ കണ്ണും നട്ട്‌ കാത്തിരിക്കുന്ന ഞങ്ങൾക്കും നൽകുന്നത്‌ ഓർക്കുന്നു.
മൂപ്പെത്തും മുൻപെ എടുത്താൽ പൊങ്ങാത്ത ചുമടുകൾ പേറേണ്ടി വന്നതിനാലും ഹിമാലയൻ പ്രതികൂല സാഹചര്യങ്ങൾ എന്നു വിശെഷിപ്പിക്കവുന്ന കഷ്ടപ്പാടുകൾ ചുമലിൽ ഏറ്റെണ്ടി വന്നതുകൊണ്ടാവാം ഞങ്ങൾ ഒക്കെ നല്ലനിലയിൽ ആവുന്നതിനു മുൻപെ അറുപത്തി അഞ്ചാം വയസിൽ ഞങ്ങളെ വിട്ട്‌ പോവുകയും ചെയ്തു. ചില ജന്മങ്ങൾ അങ്ങിനെയാണു, മെഴുകുതിരി പോലെ കത്തി ഉരുകി മറ്റുള്ളവർക്ക്‌ മുഴുവൻ പ്രകാശം പകർന്നുകൊടുത്ത്‌ അവസാനം തിരി പോലും അവശേഷിക്കാതെ താൻ നൽകിയ ഊർജ്ജം പിന്തലമുറക്ക്‌ എങ്ങനെ ഉപകാരപെട്ടുവെന്നു പോലും കാത്തു നിൽക്കാതെ ജ്വലിച്ചു തീരുന്ന പുണ്യ ജന്മങ്ങൾ.

ആ പ്രകാശത്തിന്റെ ഊഷ്മളത ഏറ്റുവളർന്നതു കൊണ്ടാവാം, ഒരു വാഹനാപകടത്തിൽ പെട്ട്‌ വളപട്ടണത്ത്‌ വെച്ച്‌ മരണപെട്ട എന്റെ താഴെയുള്ള സഹൊദരൻ ബേബിയും വിവാഹശേഷം തലച്ചൊറിലുണ്ടായ രക്തസ്രാവം മൂലം ഞങ്ങളെ വിട്ടു പോയ ഞങ്ങളുടെ സഹോദരി മേരിയും ഒഴികെ ബാക്കി ആറ് ആണുങ്ങളും മൂന്ന് പെണ്ണുങ്ങളും സുഖമായി കഴിയുന്നു.
മരിച്ചുപോയ സഹോദരി മേരിയുടെ മകൻ മനു സൗദി അറേബ്യയിലും മകൾ നീതു ഒമാനിൽ നഴ്സായും ജോലി നോക്കുന്നു.
അനുജൻ തോമാച്ചൻ കൃഷിയും കാര്യങ്ങളുമായി ഓടകുണ്ടിൽ രണ്ടു മക്കളോടും ഭാര്യയൊടും ഒപ്പം കഴിയുന്നു. പിന്നത്തെ ആൾ നിടിയേങ്ങ സഹകരണ ബാങ്കിൽ ജോലി ചെയുന്ന സജീവ കോൺഗ്രസ്‌ പ്രവർത്തകൻ കൂടിയായ ചാക്കൊച്ചി പഴയ തറവാടിനടുത്ത്‌ വീട്‌ വെച്ച്‌ മക്കളായ എറണാകുളുത്ത്‌ ജോലി ചെയുന്ന സച്ചിനും സച്ചിന്റെ ഭാര്യ അനെറ്റിനും പെണ്മക്കളായ പ്രസംഗത്തിൽ അഗ്രഗണ്യയായ സരികക്കും ഇനിയും പ്രാവീണ്യം തെളിയിക്കപെടേണ്ട അപ്പുവിനും ഭാര്യ സുമയോടും ഒപ്പം കഴിയുന്നു.
അടുത്ത ആൾ ഒമാനിലെ സലാലയിൽ ജോലി ചെയ്യുന്നതും ഭാര്യയും രണ്ട്‌ കുട്ടികളുമായി അവിടെ ജോലി സംബന്ധമായി കഴിയുകയും ഇവിടെ കട്ടായി റോഡിൽ പുതിയ വീടു വെച്ച്‌ താമസം തുടങ്ങിയ ആന്റു വാണു. ഭാര്യ റാണി ഇപ്പഴും സലാലയിൽ നഴ്സായി ജോലി ചെയ്യുന്നു. കുട്ടികൾ അച്ചൂട്ടൻ പ്ലസ്‌ വണ്ണിലും ഡാൻസിലും പഠനത്തിലും താൽപര്യമുള്ള ഉണ്ണിമോൾ ഡിഗ്രിക്കും പഠിക്കുന്നു. രണ്ടു പേരും ഒന്നാം തരം പഠിപ്പിസ്റ്റുകളും ആണ് .
അടുത്ത ആൾ വിൻസെന്റ്‌ ഗുജറാത്തിലെ സൂററ്റിൽ സ്വന്തമായി ബിസിനസ്സ്‌ നടത്തുകയും അവിടെത്തന്നെ താമസവും ആണു. ഗ്രഹഭരണം നടത്തുന്ന ഭാര്യ നാടകാഭിനയത്തിലും പാചക പരീക്ഷണങ്ങളിലും വേണമെങ്കിൽ സംഗീതത്തിലും അരകൈ പയറ്റാം എന്നു കരുതുന്ന ആൻസിക്കും പത്താം ക്ലാസിൽ പഠിക്കുന്ന മകൾ, ഡാൻസിനും സംഗീതത്തിനും സ്റ്റേജ്‌ ഷോകൾക്കും ഫാഷൻ ഷൊകൾക്കും അതീവ താൽപര്യം ഉള്ള സേബിൾ നും കൂടെ സ്നോബി എന്ന പൂച്ചകുട്ടിക്കും ഒപ്പം സൂററ്റിൽ താമസിക്കുന്നു. അമ്മച്ചി ഇടക്കിടെ ഇവിടെ വന്ന് ഹ്രസ്വകാല താമസവും നടത്താറുണ്ട്‌.
ഇവിടെ തറവാട്ടു പറമ്പിൽ വീടും ഉണ്ട്‌. അമ്മച്ചിയും മറ്റുള്ളവരും അവധിക്കു നാട്ടിൽ വരുമ്പോൾ അവധികാല വസതിയായും പിന്നെ അമ്മച്ചിക്ക്‌ തൊന്നുമ്പോഴൊക്കെ വന്ന് താമസിക്കാനുള്ള വീടും ഇച്ചാച്ചന്റെ അദ്രുശ്യ സാമീപ്യവും ഉള്ള അമ്മച്ചിയുടെ സാമ്രാജ്യവും ആണ് ഇത്‌. നാട്ടിലുള്ള ഞങ്ങളുടെ എല്ലാവരുടേയും ചെറുതും വലുതുമായ എല്ലാ ചടങ്ങുകൾക്കും ഓടി എത്തുകയും ആളും അർത്ഥവും കൊണ്ട്‌ എല്ലാവിധ സഹകരണം നിർലോഭം ചെയുകയും ചെയുന്നു.
അടുത്തത്‌ ഏറ്റവും ഇളയ അനുജൻ ബിജു, ഒരു മൾട്ടിനാഷണൽ കമ്പനിയുടെ കിഴക്കൻ ഏഷ്യാ സെയിൽസ്‌ മാനേജരായി ജോലി നോക്കുന്നു. ഗ്രഹഭരണം നടത്തുന്ന 5 ഗിയറും അനായാസേന മാറ്റികൊണ്ട്‌ നഗരത്തിലും നാട്ടിൻപുറത്തും കാർ ഡ്രൈവ്‌ ചെയുന്ന ഭാര്യ ലിൻസിക്കും വെള്ളത്തിലും കരയിലും ഒരേപോലെ അഭ്യാസങ്ങൾ കാണിക്കാനും ചിത്രരചനയിലും കംബമുള്ള സ്കൂളിൽ പഠിക്കുന്ന ആൽ വിനും പ്ലസ്‌ വണ്ണിൽ പഠിക്കുന്ന സംഗീതത്തിലും ഡാൻസിലും പ്രാവീണ്യമുള്ള ലിന്റക്കും ഇപ്പോൾ ഞങ്ങളുടെ എല്ലാം അമ്മച്ചി അന്നമ്മ ക്കും ഒപ്പം ജോലി ആവശ്യാർത്ഥം ബോംബെയിലുള്ള നാസിക്കിൽ താമസിക്കുന്നു. നാട്ടിലുള്ള സകല വിശേഷാവസരത്തിലും വിദേശ റ്റൂറിലല്ല എങ്കിൽ നാട്ടിൽ എത്തിചേർന്ന് സഹകരിക്കുകയും ചെയുന്നു.
ഇനിയുള്ള പെങ്ങന്മാരിൽ മൂത്തവളും എനിക്ക്‌ തൊട്ട്‌ താഴെ ഉള്ളവളും ആയ അമ്മിണി, വയലിൽ രാജുവിനെ വിവാഹം കഴിച്ച്‌, അവരുടെ രണ്ടു പെൺകുട്ടികളായ നീന, സീകുട്ടി എന്നിവരെ വിവാഹം കഴിച്ച്‌ വിടുകയും ആൺകുട്ടിയായ ടിനുവിനു വിവാഹം ഉടനെ നടത്തുവാൻ തീരുമാനിച്ചിരിക്കുകയും ചെമ്പന്തൊട്ടിയിൽ താമസവും ആണു. വയലിൽ രാജു കമ്മ്യുണിസ്റ്റ്‌ മാർക്‌ സിസ്റ്റ്‌ പാർട്ടിയുടെ സജീവ പ്രവർത്തകനും ആണ് .
അടുത്തവൾ ലൂസമ്മ തോട്ടുമണ്ണിൽ തങ്കച്ചനെ വിവാഹം കഴിക്കുകയും ചെറുപുഴക്കടുത്ത്‌ താമസിക്കുകയും ചെയുന്നു. മകൻ ആയ അനീഷ്‌ വിവാഹിതനും സൂററ്റിൽ ജോലി ചെയുകയും ചെയുന്നു. മകൾ അനു വിവാഹിതയായി ചെറുപുഴക്കടുത്ത്‌ നല്ലൊമ്പുഴ എന്ന സ്ഥലത്ത്‌ കഴിയുന്നു.
ഇനിയിള്ളത്‌ ഇളയ പെങ്ങൾ. വിവാഹം ചെയ്ത്‌ പാത്തൻ പാറയിൽ താമസിക്കുന്നു. ഭർത്താവ്‌ തോമസ്‌ കുമ്പ്ലിയാമാക്കൽ , നടുവിൽ കൊ ഓപ്‌ ബാങ്ക്‌ ഡയറക്റ്ററും അറിയപെടുന്ന കോൺഗ്രസ്‌ പ്രവർത്തകനും ആണു മകൻ അനെറ്റ്‌ ബോംബെ യിൽ പഠിക്കുന്നു.
ഇനിയുള്ളത്‌ ഏറ്റവും മൂത്തവനായ ഈയുള്ളവനാണു. അന്നം തേടി ഗൾഫിൽ പോവുകയും ഏകദേശം പതിനഞ്ചോളം വർഷം പ്രവാസി യായി അബുദാബിയിൽ കഴിയുകയും പ്രവാസ ജീവിതം മതിയാക്കി ഇപ്പോൾ ചെമ്പന്തൊട്ടി ടൗണിലുള്ള വീട്ടിൽ ഭാര്യ മേഴ്സിയോടൊപ്പം വിശ്രമ ജീവിതം നയിക്കുന്നു. മകൻ സിജൊ ഭാര്യ ആനിയോടും മകൻ നേതനോടുമൊപ്പം ലണ്ടനിലുള്ള ഗിൽഫോർഡ്‌ എന്ന സ്ഥലത്ത്‌ താമസിക്കുന്നു. മകൾ ഷെറിൽ മൈസൂർ ഇൻഫോസിസിൽ ജോലി ചെയുന്നു. അവൾക്ക്‌ തോന്നുംബോഴൊക്കെ വീട്ടിൽ വന്നു പോകുന്നു. വിവാഹം അടുത്ത ജനുവരിയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
16/4/2024 | | Permalink